അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ എന്തായിരിക്കും ? ഞാൻ ആ മിഴികളിൽ അലിഞ്ഞില്ലാതാകുമോ? ഞാൻ അവളുടെ മിഴികളിലേക്കിറങ്ങി മരണത്തിന്റെ തണുപ്പ് എന്റെ കാലുകളിലൂടെ മുകളിലേക്ക് അരിച്ചു കയറി,ഒരു നിലയില്ലാ കയത്തിൽ എന്നപോലെ ഞാൻ ആ മിഴികളിൽ ആണ്ടുപോയി.എന്റെ ശ്വാസകോശങ്ങളിലേക്ക് ആ തെളിനീരിരച്ചു കയറി.എന്റെ ശ്വാസം നിലച്ചില്ല,എനിക്ക് ചെകിളകൾ മുളച്ചു,ഞാൻ ഒരു മൽസ്യമായി ആ മിഴിനീരിൽ നീന്തി തുടിച്ചു.ഇന്നുവരെ കാണാത്ത മായക്കാഴ്ചകൾ അവിടെ എന്നെ കാത്തിരുന്നു,ഒരു ജന്മം മുഴുവൻ നീന്തിയാലും കണ്ടു തീർക്കാനാവാത്തത്ര കാഴ്ചകൾ;പവിഴപ്പുറ്റുകൾ,സ്വര്ണമൽസ്യങ്ങൾ, മുത്തുകൾ പവിഴങ്ങൾ.വീണ്ടും ആഴങ്ങളിലേക്ക്;കാഴ്ചകൾ മാറി മാറി വന്നു:തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ,അസ്ഥികൂടങ്ങൾ പിന്നെ എണ്ണിയാൽ ഒടുങ്ങാത്തത്ര റോസാപ്പൂവുകൾ.റോസാപ്പൂക്കളുടെ ചുവപ്പ് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു ഞാൻ തിരിച്ചു നീന്തി ,എന്റെ ചെകിളകൾ മാഞ്ഞു തുടങ്ങി,ശ്വാസം മുട്ടുന്നു,ആ മിഴികളിൽ നിന്നു പുറത്തു കടക്കാനാകാതെ ബോധാബോധ മനസുകൾക്കിടയിൽ ഞാൻ ആഴങ്ങളിലേക്ക് ആണ്ടു പോയി.